ന്യൂഡൽഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി . സെപ്റ്റംബർ 9 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയും മഹാരാഷ്ട്രയുടെ നിലവിലെ ഗവർണറും തമിഴ്നാട്ടിലെ ബിജെപിയുടെ മുതിർന്ന നേതാക്കളിൽ ഒരാളുമായ സി പി രാധാകൃഷ്ണനെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
1946 ജൂലൈ 8 ന് ഇന്നത്തെ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണം താലൂക്കിലെ അകുല മൈലാരം ഗ്രാമത്തിലെ കർഷക കുടുംബത്തിലാണ് സുദർശൻ റെഡ്ഡിയുടെ ജനനം . 1971 ൽ ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ റിട്ട്, സിവിൽ കേസുകൾ കൈകാര്യം ചെയ്തു.
ജഡ്ജിയാകുന്നതിന് മുമ്പ്, 1988-90 ൽ അദ്ദേഹം സർക്കാർ അഭിഭാഷകനായി ജോലി ചെയ്തിരുന്നു. 1990-ൽ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസിലായും ഒസ്മാനിയ സർവകലാശാലയുടെ നിയമ ഉപദേഷ്ടാവും സ്റ്റാൻഡിംഗ് കൗൺസിലുമായിരുന്നു അദ്ദേഹം. 1995-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി . 2005-ൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2007-ൽ സുപ്രീം കോടതി ജഡ്ജിയായി; 2011-ൽ വിരമിച്ചു.
2013 മാർച്ചിൽ, ജസ്റ്റിസ് സുദർശൻ റെഡ്ഡി ഗോവയിലെ ആദ്യത്തെ ലോകായുക്തയായി. പ്രതിപക്ഷത്തെ ഉന്നത നേതാക്കൾ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് സുദർശൻ റെഡ്ഡിയുടെ പേര് പ്രഖ്യാപിച്ചത്. എല്ലാ പ്രതിപക്ഷ പാർട്ടികളും ഏകകണ്ഠമായി അംഗീകരിച്ച പേരാണ് അദ്ദേഹത്തിന്റേതെന്ന് കോൺഗ്രസ് പറഞ്ഞു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. സൂക്ഷ്മപരിശോധനയ്ക്കുള്ള തീയതി ഓഗസ്റ്റ് 22 ആണ്, സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25 ആണ്. ആരോഗ്യപരമായ കാരണങ്ങളാൽ ജഗ്ദീപ് ധൻഖർ പെട്ടെന്ന് രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത് .

