ഡബ്ലിൻ: ഇന്ധന വില വർധനവ് അയർലൻഡിൽ വീണ്ടും പ്രതിഷേധങ്ങൾക്ക് കാരണമാകുമോയെന്ന ആശങ്ക കനക്കുന്നു. വരും മാസങ്ങളിൽ എക്സൈസ് തീരുവയിലെ ഇളവ് നീക്കം ചെയ്യാനുള്ള ആലോചനകൾക്കിടെയാണ് ഇത്തരമൊരു ആശങ്ക ഉയരുന്നത്. ഇളവുകൾ നീക്കം ചെയ്യുന്നത് ഇന്ധനവിലയിൽ വലിയ ഉയർച്ചയ്ക്കാണ് കാരണമാകുക.
ഇളവുകൾ നിലനിൽക്കേ കഴിഞ്ഞ മാസങ്ങളിൽ ഇന്ധന വിലയിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് എഎ അയർലൻഡിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. ഒരു ലിറ്റർ ഡീസലിന് ശരാശരി വില 1.92 യൂറോ ഉയർന്നപ്പോൾ പെട്രോളിന് 1.84 യൂറോ വർധിച്ചു.
19 സെന്റിന്റെയും 9 സെന്റിന്റെയും പ്രതിമാസ വർധനവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. സെപ്തംബർ മുതൽ ഡിസംബർവരെയുള്ള കാലയളവിൽ ഘട്ടം ഘട്ടമായി തീരുവയിലെ ഇളവ് പഴയ നിലയിലേക്ക് കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. ഇത് പശ്ചിമേഷ്യൻ സംഘർഷത്തിനിടെയുണ്ടായ പ്രതിഷേധത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

