കൊൽക്കത്ത ; എയർ ഇന്ത്യാ വിമാനത്തിന് നേരെ ഹൈജാക്ക് ഭീഷണി . മുംബൈയിലേയ്ക്ക് പോകാനിരുന്ന വിമാനത്തിന് നേരെയാണ് ഭീഷണി ഉയർന്നത് . സംഭവം കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭീതി പടർത്തി.
വിമാനത്തിലെ ശുചിമുറികളിലൊന്നിലെ കണ്ണാടിയിലാണ് ഹൈജാക്കിംഗ് ഭീഷണി സന്ദേശം എഴുതിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. വിമാനം പറന്നുയരാൻ തയ്യാറെടുക്കുമ്പോഴാണ് ശുചിമുറിയിലെ കണ്ണാടിയുലെ ഈ ഭീഷണി സന്ദേശം ശ്രദ്ധയിൽപ്പെട്ടതെന്നാണ് വിവരം . സംഭവം അറിഞ്ഞ ഉടൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിച്ചു.
തുടർന്ന് വിമാനം പ്രത്യേക സുരക്ഷിത മേഖലയിലേയ്ക്ക് മാറ്റി . അവിടെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സും , വിമാനത്താവളത്തിലെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വിശദമായ പരിശോധന ആരംഭിച്ചു . സംശയാസ്പദമായ എന്തെങ്കിലും വസ്തുക്കൾ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായി വിമാനത്തിന്റെ ഓരോ ഭാഗവും സൂക്ഷ്മമായി നിരീക്ഷിച്ച് പരിശോധിച്ച് വരികയാണ്.
ഭീഷണി സന്ദേശം എഴുതിയത് ആരാണെന്നും , ഇതിന് പിന്നിൽ ആരെല്ലാമാണെന്നും കണ്ടെത്താൻ പൊലീസും സുരക്ഷാ ഏജൻസികളും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെയും, വിമാനത്തിനകത്തെയും, സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും അധികൃതർ പരിശോധിച്ച് വരികയാണ്.

