കൊച്ചി ; കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാർത്ഥികളെ പുറത്താക്കി രണ്ട് മാസം കഴിഞ്ഞിട്ടും അരിശം തീർന്നില്ലേയെന്നും , ഇനി എന്തിനാണ് മാപ്പെന്നും കോടതി ചോദിച്ചു . ‘ രണ്ട് മാസം അവർ പുറത്ത് നിന്നില്ലേ ? ഇനി എന്ത് മാപ്പ് .അവർ ചെയ്ത കാര്യങ്ങളെ ന്യായീകരിക്കുകയല്ല, പക്ഷെ അവർ കുട്ടികളാണെന്ന് ഓർക്കണമായിരുന്നു ‘ എന്നും കോടതി പറഞ്ഞു.
വിദ്യാർത്ഥികളായിരിക്കുമ്പോൾ പ്രതിഷേധ പരിപാടികൾ നടത്താത്ത എത്ര രാഷ്ട്രീയക്കാരുണ്ടെന്ന് ചോദിച്ച കോടതി കേസിൽ എങ്ങനെ 2 എഫ് ഐ ആറ് വന്നുവെന്നും ആരാഞ്ഞു . ഈ വിഷയത്തിൽ സർവകലാശാല തന്നെ പരിഹാരം കാണാൻ ശ്രമിക്കണമെന്നും,അല്ലെങ്കിൽ കോടതി കേസ് വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
സസ്പെൻഷൻ ചോദ്യം ചെയ്തുള്ള വിദ്യാർത്ഥികളുടെ ഹർജിയ്ക്കൊപ്പം പരീക്ഷ എഴുതിക്കണമെന്ന ഉപഹർജിയും ഉണ്ടായിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയെങ്കിലും സർവകലാശാലയും , വിസിയും നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ച് ഈ അനുമതി റദ്ദാക്കി. ഇതിനെതിരെ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ച് തീർപ്പാക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം . തുടർന്നാണ് ഇന്ന് സിംഗിൾ ബെഞ്ച് വീണ്ടും ഹർജി പരിഗണിച്ചത്.
കേസുമായി ബന്ധപ്പെട്ട രണ്ട് എഫ് ഐ ആറുകളും കോടതി പരിശോധിച്ചു. ഒരെണ്ണം സംഭവം നടന്ന ഓഗസ്റ്റ് 18 നും മറ്റൊന്ന് വിസിയുടെ പരാതിയിൽ മൂന്ന് ദിവസം കഴിഞ്ഞിട്ടാണെന്നും കോടതി പരാമർശിച്ചു. ഒരു സംഭവത്തിൽ എങ്ങനെയാണ് രണ്ട് എഫ്ഐആറുകൾ എന്ന് കോടതി ചോദിച്ചു. അച്ചടക്കരാഹിത്യത്തിന് വിദ്യാർഥികളെ സെപ്റ്റംബർ ഒന്നിന് സസ്പെൻഡ് ചെയ്തു. അവരെ പരീക്ഷ എഴുതിച്ചില്ല . 60 ദിവസമായി അവർ സർവകലാശാലയ്ക്ക് പുറത്താണ് . ഇനി എന്താണ് വേണ്ടത് ? എപ്പോഴാണ് അരിശം തീരുകയെന്ന് ചോദിച്ച കോടതി ‘ അതുകൊണ്ടരിശം തീരാത്തവനാ പുരയുടെ ചുറ്റും മണ്ടി നടന്നു ‘ എന്ന കുഞ്ചൻ നമ്പ്യാരുടെ വരികളും ഉദ്ധരിച്ചു.
മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പ് എഴുതി നൽകിയാൽ സസ്പെൻഷൻ പിൻ വലിക്കാമെന്ന സർവകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനം നേരത്തെ വിദ്യാർത്ഥികൾ തള്ളിയിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തി വരികയാണ്.

