ജിന്ദ് ; പത്ത് പെൺമക്കൾക്ക് ശേഷം ആൺകുഞ്ഞിന് ജന്മം നൽകി 37 കാരി . മാതൃ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം . ഹരിയാനയിലെ ഫത്തേഹാബാദിലെ ഓജാസ് ഹോസ്പിറ്റൽ ആൻഡ് മെറ്റേണിറ്റി ഹോമിലായിരുന്നു പ്രസവം.38 കാരനാണ് കുഞ്ഞിന്റെ പിതാവ് സഞ്ജയ് കുമാർ .2007-ൽ വിവാഹിതരായ ദമ്പതികളുടെ മൂത്തമകൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
ജനുവരി 3 നാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . അടുത്ത ദിവസം കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഡോ. നർവീർ ഷിയോറന്റെ അഭിപ്രായത്തിൽ, ഓ പതിനൊന്നാമത്തെ പ്രസവം ഉയർന്ന അപകടസാധ്യതയുള്ളതായിരുന്നു. യുവതിയ്ക്ക് മൂന്ന് യൂണിറ്റ് രക്തം ആവശ്യമായി വന്നു. നിലവിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർ പറഞ്ഞു.
“ഞങ്ങൾക്ക് ഒരു മകനെ വേണം, ഞങ്ങളുടെ ചില മൂത്ത പെൺമക്കളും ഒരു സഹോദരനെ ആഗ്രഹിച്ചു. ഇത് എന്റെ പതിനൊന്നാമത്തെ കുട്ടിയാണ്, എന്റെ പരിമിതമായ വരുമാനം ഉപയോഗിച്ച്, എന്റെ പെൺമക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ ഞാൻ പരമാവധി ശ്രമിക്കുന്നു. സംഭവിച്ചതെല്ലാം ദൈവഹിതമാണ്, അതിൽ ഞാൻ സന്തുഷ്ടനാണ്.” – സഞ്ജയ് കുമാർ പറയുന്നു.ദിൽഖുഷ് എന്നാണ് സഹോദരിമാർ ചേർന്ന് അനിയന് നൽകിയിരിക്കുന്ന പേര്.
അതേസമയം തന്റെ പത്ത് പെൺമക്കളുടെ പേരുകൾ ഓർമ്മിക്കാൻ പിതാവ് പാടുപെടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് .

