ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകി. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന അപേക്ഷ സമർപ്പിച്ചത് . പ്രമുഖ നടിയുമായുള്ള വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടിയാണ് വിവാഹമോചന ഹർജി സമർപ്പിച്ചത്.
വിജയിയും സംഗീതയും 1999 ഓഗസ്റ്റിലാണ് വിവാഹിതരായത്. അവർക്ക് ജേസൺ സഞ്ജയ്, ദിവ്യ ഷാഷ എന്നീ രണ്ട് മക്കളുമുണ്ട്. 2021 മുതൽ വിജയ് നടിയുമായി ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. “ബന്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയതിനുശേഷവും പശ്ചാത്താപമില്ലാതെ ബന്ധം തുടർന്നു” എന്നും ഹർജിയിൽ പറയുന്നു. . ഹർജിയിൽ ഉൾപ്പെട്ട നടിയുടെ പേര് പരസ്യമായി പരാമർശിച്ചിരുന്നില്ലെങ്കിലും, സമീപ വർഷങ്ങളിൽ വിജയ് നടി തൃഷയുമായി അടുപ്പത്തിലാണെന്ന് രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ ആരോപണങ്ങളെക്കുറിച്ച് വിജയ്യോ പാർട്ടിയോ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
അതേസമയം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തമിഴഗ വെട്രി കഴകം രാഷ്ട്രീയ രംഗത്ത് നിർണായക നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഭാര്യ തന്നെ വിജയ്ക്കെതിരെ രംഗത്തെത്തിയത് . സാമൂഹിക പ്രവർത്തകയും സംരംഭകയുമായ സംഗീത, വീട്ടിൽ താമസിക്കാനുള്ള അവകാശവും വിജയ്യിൽ നിന്ന് സ്ഥിരമായ ജീവനാംശവും തേടിയിട്ടുണ്ട് . വിവാഹമോചന ഹർജിയിൽ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തുടക്കത്തിൽ സംഗീത വിജയ്യുടെ സിനിമകളുടെ പ്രമോഷണൽ പരിപാടികളിലും അവാർഡ് ദാന ചടങ്ങുകളിലും ഒപ്പമുണ്ടായിരുന്നു, എന്നാൽ പിന്നീട് അവർ പൊതുപരിപാടികളിൽ നിന്ന് പിൻവാങ്ങി .

