ശബരിമല സ്വർണ്ണക്കൊള്ള ; എസ് ഐ ടി അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കെ മുരളീധരൻ
തിരുവനന്തപുരം ; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടക്കുന്ന എസ് ഐ ടി അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ . ഹൈക്കോടതിയിടെ നിയന്ത്രണത്തിലാണ് അന്വേഷണം എന്നത് കൊണ്ട് നിയമോപദേശം നേടിയതിനു ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാനാകൂവെന്നും മുരളീധരൻ പറഞ്ഞു.
എസ് ഐ ടിയെ മാറ്റാനുള്ള അധികാരം ഞങ്ങൾക്ക് ഇപ്പോഴില്ല . ഹൈക്കോടതിയാണ് അവരെ നിയമിച്ചിട്ടുള്ളത് .നിയമവശം പരിശോധിച്ച് മാത്രമേ മറ്റ് തീരുമാനം എടുക്കൂവെന്നും കെ മുരളീധരൻ പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകൾ സംബന്ധിച്ച പൊലീസ് റിപ്പോർട്ടിൽ ആഭ്യന്തരമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും. വിഷയം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത് . ഒരു കാരണവശാലും ക്ഷേത്രസ്വത്തുക്കൾ മോഷ്ടിക്കാൻ പാടില്ല . ആഭ്യന്തരവകുപ്പുമായി ചേർന്ന് വിശദമായ അന്വേഷണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായ റിപ്പോർട്ട് എസ് ഐ ടി യ്ക്ക് ലഭിച്ചു. സ്വർണ്ണം പൂശാൻ കൊണ്ടുപോയ കട്ടിളപാളികൾ മാറ്റിയിട്ടില്ലെന്നാണ് ശാസ്ത്രീയ പരിശോധന ഫലം .ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. എക്സറേ ഫ്ലൂറസൻസ് സ്പെക്ട്രോസ്കോപ്പി, ഇൻഡക്ടീവിലി കപ്പിൾഡ് പ്ലാസ്മ മാസ് സ്പെക്ട്രോമെട്രി, ഒപ്റ്റിക്കൽ എമിഷൻ സ്പെക്ട്രോസ്കോപ്പി എന്നീ പരിശോധനകളാണ് ലാബിൽ നടത്തിയത്.ദ്വാരപാലക ശില്പം, കട്ടിളപ്പാളി എന്നിവയിൽ നിന്ന് 36 സാമ്പിളുകളാണ് ശേഖരിച്ച് പരിശോധിച്ചത്. ലാബ് റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ അറിയിക്കാമെന്നാണ് എസ് ഐ ടി കോടതിയെ അറിയിച്ചിരുന്നത് . റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും.

