ന്യൂഡൽഹി :പാർക്കിംഗ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ നടി ഹുമ ഖുറേഷിയുടെ ബന്ധു ആസിഫ് ഖുറേഷി കൊല്ലപ്പെട്ടു. ഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്താണ് സംഭവം . പ്രതികളായ രണ്ട് പേരെ ഉജ്ജ്വൽ (19), ഗൗതം (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം . ആസിഫ് ഖുറേഷി തന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ നിന്ന് സ്കൂട്ടർ മാറ്റി നിർത്താൻ രണ്ട് പ്രതികളോട് ആവശ്യപ്പെട്ടു. വാക്കുതർക്കമുണ്ടായതിനെത്തുടർന്ന്, ഇവർ സ്ഥലം വിട്ടെങ്കിലും തിരികെ വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
അല്പസമയത്തിനകം പ്രതികളിൽ ഒരാൾ സഹോദരനൊപ്പം എത്തി ആസിഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു . ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പ്രതികൾ മുൻപും തന്റെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് ആസിഫിന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു.

