ന്യൂഡൽഹി : സ്ഫോടനം ഉണ്ടായ ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്ന് ഡൽഹി പോലീസ് മൂന്ന് 9 എംഎം വെടിയുണ്ടകൾ കണ്ടെടുത്തതായി റിപ്പോർട്ട് . വെടിയുണ്ടകളിൽ രണ്ടെണ്ണം ലൈവ് കാഡ്രിജാണെന്നും സൂചനയുണ്ട്.
സുരക്ഷാ സേനയും പോലീസ് ഉദ്യോഗസ്ഥരും സാധാരണയായി 9 എംഎം വെടിയുണ്ടകൾ ഉപയോഗിക്കുന്നതിനാൽ ഈ കണ്ടെത്തൽ നിർണ്ണായകമാണ് . എന്നാൽ സ്ഥലത്ത് പിസ്റ്റളോ ആയുധത്തിന്റെയോ ഭാഗമോ കണ്ടെത്തിയിട്ടില്ല . വെടിയുണ്ടകൾ എങ്ങനെ അവിടെ എത്തി എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്.
സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ഉപയോഗിച്ച വെടിയുണ്ടകളും പരിശോധിച്ചെങ്കിലും അവയെല്ലാം കണക്കിൽ ഉൾപ്പെടുന്നവയാണ് . വെടിയുണ്ടകൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടേതാണെന്ന സാധ്യതയും അന്വേഷണ സംഘം തള്ളിക്കളഞ്ഞു. അതേസമയം, നവംബർ 10 ന് ഡൽഹിയിലെ ചെങ്കോട്ടയിലേക്ക് കാർ ഓടിച്ച ഡോ. ഉമറിന്റെ ഐഡന്റിറ്റി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു .
സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഫരീദാബാദ് സർവകലാശാല കാമ്പസിൽ നിന്ന് പഴയ ഡൽഹിയിലേക്കുള്ള ഉമറിന്റെ യാത്രകളുടെ ദൃശ്യങ്ങളും പുറത്ത് വന്നു . ഡൽഹി-എൻസിആറിലെ വിവിധ ജില്ലകൾ, ഹൈവേകൾ, പ്രധാന ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിലായി 5,000-ത്തിലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

