ജോൻപൂർ : വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ മരണമടഞ്ഞ് 75 കാരനായ നവവരൻ . ശങ്കുറാം എന്നയാളാണ് തന്റെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത് . ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമത്തിലാണ് സംഭവം .
ഒരു വർഷം മുൻപാണ് ശങ്കുറാമിന്റെ ആദ്യ ഭാര്യ മരിച്ചത്. മക്കളില്ലാത്തതിനാൽ അന്നുമുതൽ ഒറ്റയ്ക്ക് താമസിച്ചു. കർഷകനായിരുന്ന ശങ്കുറാം ഇതിനിടെ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചു. പുനർവിവാഹം വേണ്ടെന്ന് കുടുംബാംഗങ്ങളിൽ പലരും അദ്ദേഹത്തെ ഉപദേശിച്ചു, പക്ഷേ അദ്ദേഹം തന്റെ തീരുമാനവുമായി മുന്നോട്ട് പോയി . സെപ്റ്റംബർ 29 നാണ് ജലാൽപൂർ പ്രദേശത്തെ താമസക്കാരിയായ 35 കാരി മൻഭവതിയെ അദ്ദേഹം വിവാഹം കഴിച്ചത്.
ദമ്പതികൾ വിവാഹം കോടതിയിൽ രജിസ്റ്റർ ചെയ്യുകയും പിന്നീട് ഒരു പ്രാദേശിക ക്ഷേത്രത്തിൽ പരമ്പരാഗത ആചാരപ്രകാരം വരണമാല്യം അണിയിക്കുകയും ചെയ്തു.വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഭർത്താവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി മൻഭവതി പറഞ്ഞു . വിവാഹ രാത്രിയിൽ ഇരുവരും കൂടുതൽ സമയം സംസാരിച്ചുകൊണ്ടിരുന്നു.
രാവിലെ ആയപ്പോഴേക്കും ശങ്കുറാമിന്റെ ആരോഗ്യം പെട്ടെന്ന് വഷളായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു . എന്നാൽ ശങ്കുറാമിന്റെ പെട്ടെന്നുള്ള മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റ്മോർട്ടം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്.

