ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം . ചമ്പ ജില്ലയിലെ ടിസ സബ്ഡിവിഷനിൽ ചാൻവാസ് പ്രദേശത്താണ് സംഭവം . കാർ നിയന്ത്രണം നഷ്ടപ്പെട്ട് 500 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തിയാണ് പോലീസിനെ അറിയിച്ചത്. അപകടത്തിൽ മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ ദുഃഖം രേഖപ്പെടുത്തി.
“ചമ്പ ജില്ലയിലെ ടിസ ചാൻവാസിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് പേരുടെ മരണം വളരെ ദുഃഖകരമാണ്. മരിച്ചവരുടെ ആത്മാക്കൾക്ക് സമാധാനവും കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തിയും ദൈവം നൽകട്ടെ.” ജയറാം താക്കൂർ സോഷ്യൽമീഡിയയിൽ കുറിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പ്രാദേശിക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
മരണപ്പെട്ടവർ ഒരേ കുടുംബത്തിൽപെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

