ന്യൂഡൽഹി : നവംബർ 10-ലെ ഡൽഹി സ്ഫോടനത്തിന് പിന്നിലെ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരവാദ മൊഡ്യൂളിൽ ഉൾപ്പെട്ട നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) റദ്ദാക്കി.
മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നീ ഡോക്ടർമാരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ (ഐഎംആർ), നാഷണൽ മെഡിക്കൽ രജിസ്റ്റർ (എൻഎംആർ) എന്നിവ അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കിക്കൊണ്ട് കമ്മീഷൻ നോട്ടീസ് പുറപ്പെടുവിച്ചു.ഇനി ഇന്ത്യയിൽ ഒരിടത്തും പ്രാക്ടീസ് നടത്താനാകില്ലെന്നും നോട്ടീസിൽ പറയുന്നു.
ജമ്മു കശ്മീർ പോലീസും ജമ്മു കശ്മീർ, ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിലുകളും നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ റദ്ദാക്കിയതെന്ന് എൻഎംസിയുടെ ഉത്തരവിൽ പറയുന്നു.നാല് ഡോക്ടർമാരുടെയും പെരുമാറ്റം “മെഡിക്കൽ പ്രൊഫഷനിൽ നിന്ന് പ്രതീക്ഷിക്കുന്ന സത്യസന്ധത, ഔചിത്യം, പൊതുജന വിശ്വാസം എന്നിവയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിരുന്നു” എന്നും എൻഎംസി പറഞ്ഞു.
മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമിൽ ഷക്കീൽ എന്നീ മൂന്ന് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ആദ്യം ജമ്മു കശ്മീർ മെഡിക്കൽ കൗൺസിലാണ് റദ്ദാക്കിയത്.എല്ലാ സംസ്ഥാന മെഡിക്കൽ കൗൺസിലുകളോടും ഇവരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യാനും നാല് പേരിൽ ആരും ഒരു സാഹചര്യത്തിലും പ്രാക്ടീസ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

