രുദ്രപ്രയാഗ് : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം . 8 പേരെ രക്ഷപ്പെടുത്തി. 12 പേർക്കായി തെരച്ചിൽ തുടരുന്നു . ജില്ലയിലെ ഘോൾതിർ പ്രദേശത്ത് ഇന്ന് രാവിലെയാണ് സംഭവം . ബസ് നിയന്ത്രണം വിട്ട് അളകനന്ദ നദിയിലേയ്ക്ക് മറിയുകയായിരുന്നു . അപകടസമയത്ത് ബസിൽ ആകെ 20 പേർ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തകരും ഇതുവരെ ആകെ 3 യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
മൺസൂൺ മഴ കാരണം അളകനന്ദ നദിയിലെ ജലനിരപ്പ് ഉയരുകയാണ്. അപകടസമയത്ത് ബസിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നതായും കനത്ത മഴ കാരണം നദിയിലെ ജലനിരപ്പ് ഉയർന്നതായും പറയപ്പെടുന്നു. നദിയിലെ ശക്തമായ ഒഴുക്കിൽ യാത്രക്കാർ ഒഴുകിപ്പോയതായും സംശയമുണ്ട്. എൻഡിആർഎഫിന്റെ മുങ്ങൽ വിദഗ്ധർ അളകനന്ദയിൽ തിരച്ചിൽ നടത്തുകയാണ്.
അപകടത്തിൽ അഞ്ച് പേർ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇവരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി . അപകട വാർത്ത അറിഞ്ഞയുടനെ സ്ഥലത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി. തദ്ദേശ ഭരണകൂടവും പോലീസ്-ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി.8 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നിലവിൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെങ്കിലും നദിയുടെ ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട് . അതേസമയം മരണസംഖ്യ ഉയരാനും സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

