ശ്രീനഗർ : ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് സിആർപിഎഫ് സൈനികർക്ക് വീരമൃത്യു. ഉധംപൂർ ജില്ലയിലെ ബസന്ത്ഗഢ് പ്രദേശത്തെ കാണ്ട്വയ്ക്ക് സമീപമാണ് സിആർപിഎഫ് വാഹനം മറിഞ്ഞത് . സംഭവത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു, പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് പേർ സംഭവസ്ഥലത്തും, ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. 23 സിആർപിഎഫ് ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്നു. ബസന്ത്ഗഢിൽ നിന്ന് മടങ്ങുന്നതിനിടെ രാവിലെ 10.30 ഓടെയാണ് സംഭവം. സേനയുടെ 187-ാം ബറ്റാലിയനിൽ പെട്ട വാഹനമാണിത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രിയും ഉദംപൂർ എംപിയുമായ ജിതേന്ദ്ര സിംഗ് ഉദംപൂർ ഡെപ്യൂട്ടി കമ്മീഷണർ സലോണി റായിയുമായി സംസാരിച്ചു. “രക്ഷാ നടപടികൾ ഉടൻ ആരംഭിച്ചു. നാട്ടുകാർ സ്വമേധയാ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുന്നു,” എന്നും മന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ദുഃഖം രേഖപ്പെടുത്തി. “ഉധംപൂരിനടുത്ത് ഉണ്ടായ അപകടത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ നഷ്ടത്തിൽ ദുഃഖമുണ്ട്. രാഷ്ട്രത്തിനായുള്ള അവരുടെ മാതൃകാപരമായ സേവനം ഞങ്ങൾ ഒരിക്കലും മറക്കില്ല,” അദ്ദേഹം എക്സിൽ കുറിച്ചു.

