ജയ്പൂർ : ജോധ്പൂരിൽ നിന്ന് ജയ്സാൽമറിലേക്ക് പോകുകയായിരുന്ന ബസിന് തീ പിടിച്ച് 21 പേർ മരിച്ചു . 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ 57 യാത്രക്കാരുമായി ജയ്സാൽമീറിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത് . ജയ്സാൽമീർ-ജോധ്പൂർ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ, വാഹനത്തിന്റെ പിന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഡ്രൈവർ ഉടൻ തന്നെ റോഡരികിൽ ബസ് നിർത്തി. പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ബസ് പൊട്ടിത്തെറിക്കുകയായിരുന്നു.
നാട്ടുകാരും വഴിയാത്രക്കാരും ഫയർ ടെൻഡറുകളും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് . പരിക്കേറ്റ യാത്രക്കാരെ ആദ്യം ജയ്സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഗുരുതരമായി പരിക്കേറ്റ 16 പേരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 16 യാത്രക്കാരിൽ ഒരാൾ മരിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.
ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചതായി ജയ്സാൽമീർ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പരിക്കേറ്റ എല്ലാ യാത്രക്കാർക്കും ഉടനടി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർ പ്രതാപ് സിംഗ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി . അപകടസ്ഥലം പരിശോധിക്കാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ജയ്സാൽമറിൽ എത്തി. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിച്ച സൈനികർക്കും നാട്ടുകാർക്കും അദ്ദേഹം നന്ദി പറഞ്ഞു.
അപകടം കണക്കിലെടുത്ത് മുഖ്യമന്ത്രി പട്നയിൽ നടത്താനിരുന്ന പ്രചാരണ പരിപാടിയും റദ്ദാക്കി.ഗവർണർ ഹരിഭാവു ബഗാഡെ, മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ബിജെപി സംസ്ഥാന പ്രസിഡന്റ് മദൻ റാത്തോഡ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

