ബോംബെ : പൂനെ ബോംബ് സ്ഫോടന കേസിലെ പ്രതിയായ ബണ്ടി ജഹാഗിർദാർ (51) എന്നറിയപ്പെടുന്ന അസ്ലം ഷബീർ ഷെയ്ഖ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ ശ്രീരാംപൂരിലാണ് സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല.
പോലീസ് പറയുന്നതനുസരിച്ച്, ബണ്ടി ജഹാഗിർദാർ ശ്രീരാംപൂരിൽ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു. സെമിത്തേരിയിൽ നിന്ന് മടങ്ങുമ്പോൾ, ജർമ്മൻ ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപം വെച്ചായിരുന്നു ആക്രമണം. അക്രമികൾ ബണ്ടി ജഹാഗിർദാറിന് നേരെ വെടിയുതിർക്കുകയും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
ബണ്ടി ജഹാഗിർദാറിനെ ഗുരുതരാവസ്ഥയിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂനെയിലെ ജംഗ്ലി മഹാരാജ് റോഡിൽ 2012 ഓഗസ്റ്റിൽ നടന്ന ജർമ്മൻ ബേക്കറി ബോംബ് സ്ഫോടനത്തിലെ സഹപ്രതിയായിരുന്നു ബണ്ടി ജഹാഗിർദാർ . 2013 ൽ ഇയാൾ അറസ്റ്റിലായി. 2023 ൽ ബോംബെ ഹൈക്കോടതി ജഹാഗിർദാറിന് ജാമ്യം അനുവദിച്ചു. ശ്രീരാംപൂരിൽ മറ്റ് നിരവധി ക്രിമിനൽ കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, നാടുകടത്തിയിട്ടുണ്ടെന്നും പോലീസ് രേഖകൾ വ്യക്തമാക്കുന്നു.
ക്രിമിനൽ പശ്ചാത്തലത്തിന് പുറമേ, ബണ്ടി ജഹാഗിർദാർ പ്രാദേശിക രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിരുന്നുവെന്ന് അറിയപ്പെട്ടിരുന്നു. ആക്രമികളെ തിരിച്ചറിയാൻ പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.അന്വേഷണത്തിനായി അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് സോമനാഥ് ഘാർഗെ പറഞ്ഞു.

