ധാക്ക : ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് ഉസ്മാൻ ഹാദിയുടെ കൊലപാതകക്കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രധാന പ്രതിയായ ഫൈസൽ കരീം മസൂദ്, കൊലപാതകത്തിൽ തന്റെ പങ്ക് പരസ്യമായി നിഷേധിച്ചു . താൻ ദുബായിലാണെന്നും ഫൈസൽ കരീം മസൂദ് അവകാശപ്പെട്ടു . വൈറലായ വീഡിയോ സന്ദേശത്തിലാണ് മസൂദ് ഇക്കാര്യം പറയുന്നത് . ആക്രമണത്തിന് പിന്നിൽ തീവ്ര രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞ മസൂദ് ഹാദിയെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്നുമാണ് പറയുന്നത്.
വെടിവയ്പ്പിന് മുമ്പ് താൻ ഹാദിയുടെ ഓഫീസിൽ പോയിരുന്നു . പക്ഷേ ഇങ്ക്വിലാബ് മോഞ്ചോ ഓഫീസുമായുള്ള ബന്ധം ബിസിനസ്സുമായി ബന്ധപ്പെട്ടതാണെന്നും മസൂദ് പറയുന്നു.
“ഞാൻ ഫൈസൽ കരീം മസൂദ് ആണ്. ഹാദിയുടെ കൊലപാതകത്തിൽ എനിക്ക് ഒരു തരത്തിലും പങ്കില്ലെന്ന് വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ കേസ് പൂർണ്ണമായും തെറ്റാണ്, കെട്ടിച്ചമച്ച ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാണ് . ഇത് കാരണം, ഞാൻ രാജ്യം വിട്ട് ദുബായിലേക്ക് വരാൻ നിർബന്ധിതനായി. അഞ്ച് വർഷത്തെ സാധുവായ മൾട്ടിപ്പിൾ എൻട്രി ദുബായ് വിസ കൈവശം വച്ചിട്ടും ഞാൻ വളരെ പ്രയാസപ്പെട്ടാണ് ഇവിടെ എത്തിയത്,” മസൂദ് പറയുന്നു.
‘ പൂർണ്ണമായും നിരപരാധികളാണെങ്കിലും. എന്നെയും, എന്റെ കുടുംബത്തെയും ഈ കേസിൽ തെറ്റായി പ്രതിചേർക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട് . എന്റെ കുടുംബത്തോടുള്ള ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം അന്യായവും അസ്വീകാര്യവുമാണ്, ഞാൻ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു . ഞാൻ ഹാദിയുടെ ഓഫീസിൽ പോയിരുന്നു. ഞാൻ ഒരു ബിസിനസുകാരനാണ്; എനിക്ക് ഒരു ഐടി സ്ഥാപനമുണ്ട്, മുമ്പ് ഞാൻ ധനകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്നു. ഒരു ജോലിയ്ക്കാണ് ഞാൻ ഹാദിയെ കാണാൻ പോയത്. ജോലി റെഡിയാക്കാമെന്ന് അദ്ദേഹം പറയുകയും മുൻകൂർ പണം ആവശ്യപ്പെടുകയും ചെയ്തു.
അതനുസരിച്ച്, ഞാൻ അദ്ദേഹത്തിന് 500,000 ടാക്ക നൽകി. അദ്ദേഹത്തിന്റെ വിവിധ പരിപാടികൾക്ക് സംഭാവന നൽകാനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു, അദ്ദേഹം ആവശ്യപ്പെട്ടപ്പോഴെല്ലാം ഞാൻ പണം നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ്, അദ്ദേഹത്തിന്റെ ഒരു പ്രോഗ്രാമിന് ഞാൻ അദ്ദേഹത്തിന് പണം നൽകിയത്. ഇതിനു പിന്നിൽ ജമാത്താണ്. ഞാനോ എന്റെ ഇളയ സഹോദരനോ പോയിട്ടില്ല. ഞങ്ങളെ മനഃപൂർവ്വം കള്ളക്കേസിൽ കുടുക്കുകയാണ്. എന്റെ കുടുംബം കഷ്ടപ്പെടുന്നു. ‘ ഫൈസൽ കരീം മസൂദ് പറഞ്ഞു.
ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിലെ രണ്ട് പ്രതികളായ ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ രാജ്യം വിട്ട് മേഘാലയ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പോലീസ് മുമ്പ് പറഞ്ഞിരുന്നു. ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിലെ ഹലുഘട്ട് അതിർത്തി വഴി പ്രതികൾ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായും നിലവിൽ ഇന്ത്യയിലുണ്ടെന്നും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് നിഷേധിച്ചാണ് ഇപ്പോൾ ഫൈസൽ കരീം മസൂദ് രംഗത്തെത്തിയിരിക്കുന്നത് .

