ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖൽ ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം . കഴിഞ്ഞ ദിവസം രാത്രിയിലെ വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടി പരിക്കേറ്റു. ഇതോടെ താഴ്വരയിലെ ഏറ്റവും ദൈർഘ്യമേറിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 10 ആയി.
ലാൻസ് നായിക് പ്രിത്പാൽ സിംഗ്, ശിപായി ഹർമീന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത് . ‘ രാഷ്ട്രത്തിനുവേണ്ടിയുള്ള കർത്തവ്യനിർവ്വഹണത്തിനിടെ ധീരരായ എൽ/എൻകെ പ്രിത്പാൽ സിംഗ്, സെപ് ഹർമീന്ദർ സിംഗ് എന്നിവരുടെ പരമോന്നത ത്യാഗത്തെ ചിനാർ കോർപ്സ് ആദരിക്കുന്നു. അവരുടെ ധൈര്യവും സമർപ്പണവും നമ്മെ എന്നെന്നേക്കുമായി പ്രചോദിപ്പിക്കും. ഇന്ത്യൻ സൈന്യം അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ദുഃഖിതരായ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഓപ്പറേഷൻ തുടരുന്നു ‘ – എന്നാണ് സൈന്യം ട്വീറ്റ് ചെയ്തത്.
ഓഗസ്റ്റ് 1 ന് ദക്ഷിണ കശ്മീർ ജില്ലയിലെ അഖലിലെ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നു. അതിനു പിന്നാലെ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ അഞ്ചിലധികം തീവ്രവാദികളും കൊല്ലപ്പെട്ടു. മൂന്ന് ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നും, ഒളിച്ചിരിക്കാൻ ഗുഹ പോലുള്ള ഒളിത്താവളങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമാണ് സൂചന. സുരക്ഷാ സേന തീവ്രവാദികളുമായി ഏറ്റുമുട്ടൽ തുടരുകയാണിപ്പോഴും.
വനപ്രദേശത്ത് ഭീകരരെ കണ്ടെത്താൻ സുരക്ഷാ സേന ഡ്രോണുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. ഓപ്പറേഷനിൽ പാരാ കമാൻഡോകളുടെ സഹായവും തേടുന്നുണ്ട്. . ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം പ്രദേശത്ത് ശക്തമായ വെടിവയ്പ്പുകളും സ്ഫോടനങ്ങളും ഉണ്ടായിട്ടുണ്ട്.
അതേസമയം ഏറ്റുമുട്ടൽ നടക്കുന്നതിനു സമീപത്തെ ഗ്രാമത്തിലെ നിവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. തുടർച്ചയായ വെടിവയ്പ്പിലും സ്ഫോടനങ്ങളിലും പരിഭ്രാന്തരായ കുട്ടികളും സ്ത്രീകളുമാണ് വീട് വിട്ട് പോകുന്നവരിൽ ഏറെയും . പ്രദേശവാസികളെ സഹായിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഏകോപിപ്പിക്കാനും അധികൃതർ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ജമ്മു കശ്മീരിൽ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പഹൽഗാം കൂട്ടക്കൊലയ്ക്ക് പിന്നിലെ ലഷ്കർ ഭീകരരെ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവിൽ വധിച്ചതിന് ശേഷമാണ് ഓപ്പറേഷൻ അഖൽ ആരംഭിച്ചത്. അടുത്ത ദിവസം, ജൂലൈ 29-ന്, ശിവശക്തി എന്ന പേരിൽ മറ്റൊരു ഓപ്പറേഷൻ നടത്തി, രണ്ട് ഭീകരരെ കൂടി സൈന്യം ഇല്ലാതാക്കി.

