ന്യൂഡൽഹി ; സ്ഥിരം സർക്കാർ ജോലിയിരിക്കെ രാജ്യത്തെ സൗജന്യ റേഷൻ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റിയ ലക്ഷക്കണക്കിന് റെയിൽ വേ ജീവനക്കാരുടെ വിവരങ്ങൾ പുറത്ത് . 1.82 ലക്ഷത്തിലധികം റെയിൽ വേ ജീവനക്കാരാണ് അർഹതയില്ലാതിരുന്നിട്ടും സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയുടെ ഗുണഭോക്താക്കളായി പട്ടികയിൽ ഇടം നേടിയത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ രേഖകൾ പരിശോധിച്ച് റേഷൻ കാർഡുകൾ സറണ്ടർ ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താൻ റെയിൽവേ ബോർഡ് എല്ലാ സോണൽ ജനറൽ മാനേജർമാർക്കും നിർദ്ദേശം നൽകി.
ദേശീയ ഭക്ഷസുരക്ഷാ നിയമപ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കായാണ് സർക്കാർ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നടപ്പിലാക്കുന്നത് .സർക്കാർ ഉദ്യോഗസ്ഥരും, ആദായനികുതി അടയ്ക്കുന്നവരും ഈ പദ്ധതിയിൽ വരില്ലെന്ന മാനദണ്ഡം നിലനിൽക്കെയാണ് റെയിൽ വേ ജീവനക്കാർ അനർഹമായി ആനുകൂല്യം കൈപ്പറ്റിയത്. വിഷയത്തിൽ റെയിൽ വേ ബോർഡ് ഇടപെട്ടതോടെ എല്ലാ റെയിൽ വേ സോണുകളിലും ജീവനക്കാരുടെ വിവരശേഖരണവും, റേഷൻ കാർഡ് ഉടമസ്ഥത സംബന്ധിച്ച പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
അർഹതയില്ലാത്തവർ ആനൂകൂല്യങ്ങൾ കൈപ്പറ്റുന്നത് തടയുന്നതിന്റെ ഭാഗമായാണ് കർശന നടപടികളുമായി റെയിൽ വേ രംഗത്തെത്തിയിരിക്കുന്നത് . ഇതുവരെ എത്ര ജീവനക്കാർ യഥാർത്ഥത്തിൽ സൗജന്യ റേഷൻ വാങ്ങിയിട്ടുണ്ടെന്നറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ സുരക്ഷാ പദ്ധതികളിലൊന്നായ ദേശീയ സുരക്ഷാ നിയമപ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ ദാരിദ്രത്തിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നും സംരക്ഷിക്കുന്നതിനായാണ് സർക്കാർ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. അന്ത്യോദയ അന്നയോജന, മുൻ ഗണന കുടുംബങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ഏകദേശം 81.35 കോടി ജനങ്ങൾക്കാണ് 2024 ജനുവരി മുതൽ അഞ്ച് വർഷത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നത്.

