ന്യൂഡൽഹി : തനിക്ക് പണ്ട് ഒരു ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നുവെന്നും , ഇന്ന് അവൾ തന്നെ സുഹൃത്ത് മാത്രമാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം സോണിയഗാന്ധിയുടെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് തന്റെ വ്യക്തിജീവിതത്തെ കുറിച്ച് രാഹുൽ തുറന്ന് പറഞ്ഞത് .
‘ കേംബ്രിഡ്ജിലെ പഠിക്കുന്ന കാലത്ത് തനിക്കൊരു ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു. മാതാപിതാക്കളായ രാജീവ് ഗാന്ധിയും , സോണിയ ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയ കേംബ്രിഡ്ജിലെ വാർസിറ്റി റെസ്റ്റോറന്റിൽ ഞാൻ അവൾക്കൊപ്പം പോയി. എന്റെ മാതാപിതാക്കൾ കണ്ടുമുട്ടിയ സ്ഥലം കാണാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു ‘ എന്നാണ് രാഹുൽ പറഞ്ഞത്.
തന്റെ മാതാപിതാക്കളെ കുറിച്ച് റെസ്റ്റോറന്റിലെ ജീവനക്കാരനോട് പറഞ്ഞപ്പോൾ അവരെ തനിക്ക് അറിയാമെന്നാണ് ആ ജീവനക്കാരൻ പറഞ്ഞതെന്നും രാഹുൽ പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പ് അവർ അവിടെ പതിവായി വന്നിരുന്ന കാര്യം ആ ജീവനക്കാരന് പെട്ടെന്ന് ഓർമ്മ വരികയും തിരിച്ചറിയുകയും ചെയ്തുവെന്നാണ് രാഹുൽ പറയുന്നത്.
അന്ന് തനിക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടി ഇന്ന് തന്റെ സുഹൃത്താണെന്നും രാഹുൽ പറഞ്ഞു. സോണിയ നാലു തവണ കാൻസറിനെ അതിജീവിച്ച സ്ത്രീയാണെന്നും രാഹുൽ വ്യക്തമാക്കി. ‘ ആത്മകഥയിൽ അമ്മ ഇക്കാര്യം ലഘൂകരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും നാലു തവണ കാൻസറിനെ അതിജീവിച്ചയാളാണ് അമ്മ . ഇതൊന്നും ഭയപ്പാടോടെയല്ല അവർ കാണുന്നത് , ജീവിതത്തിൽ ഒരിക്കൽ പോലും അമ്മ ഭയക്കുന്നത് ഞാൻ കണ്ടിട്ടില്ല ‘ രാഹുൽ ഗാന്ധി പറഞ്ഞു.
1991 ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടതിന് ശേഷമുള്ള വർഷങ്ങൾ ദുഷ്കരമായിരുന്നുവെന്നാണ് ചടങ്ങിൽ സോണിയ പറയുന്നത്. സുരക്ഷാ കാരണങ്ങളാൽ രാഹുലിന് ഹാർവാർഡ് സർവകലാശാലയി നിന്ന് മറ്റൊരു യുഎസ് സർവകലാശാലയിലേയ്ക്ക് മാറേണ്ടി വന്നു.അന്ന് രാഹുൽ മറ്റൊരു പേരാണ് ഉപയോഗിച്ചിരുന്നതെന്നും സോണിയ പറഞ്ഞു.

