മനില : മൂന്ന് ദിവസത്തെ ഫിലിപ്പീൻസ് സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി എത്തിയിരിക്കുന്നത് . ഇന്ന് മനിലയിലെ ചരിത്രപസിദ്ധമായ ഗുരുദ്വാര ഖൽസ ദിവാനിൽ നടന്ന ശിലാസ്ഥാപന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
നൂറ് വർഷത്തിലേറെ പഴക്കമുള്ള ഗുരുദ്വാരയാണിത്. ഇന്ത്യയിൽ നിന്ന് മനിലയിലേയ്ക്ക് കുടിയേറിയ പഞ്ചാബികളാണ് 1929 ൽ ഈ ഗുരുദ്വാര നിർമ്മിച്ചത്. നിലവിൽ ഇത് പുനർനിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഖൽസ ദിവാൻ പരിപാടിയെക്കുറിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജിലും വിവരങ്ങൾ പങ്ക് വച്ചിരുന്നു.
‘ നാളെ നവംബർ 17 , വളരെ സവിശേഷമായ ഒരു ദിവസമാണ്. മനിലയിലെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാര ഖൽസ ദിവാനിലെ പുനർവികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എനിക്ക് ഭാഗ്യം ലഭിക്കും .ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ഗുരുദ്വാരയ്ക്ക് വളരെയധികം ആത്മീയ പ്രാധാന്യമുണ്ട്. ഗുരു സാഹിബന്മാരുടെ വചനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സിഖ് സമൂഹം ലോകമെമ്പാടും തങ്ങൾക്കായി പ്രത്യേക ഇടം നേടിയിട്ടുണ്ട്.മറ്റുള്ളവരെ സേവിക്കുന്നതിലും അവർ മുൻപന്തിയിലാണ് ‘ എന്നാണ് മോദി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞത്.
അതേസമയം ആസിയാൻ ഉച്ചകോടിയ്ക്കൊപ്പം 21-)0 മത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഫിലിപ്പീൻസ് പ്രസിഡന്റ് മാർക്കോസുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും സൂചനയുണ്ട്.

