ഭോപ്പാൽ ; മധ്യപ്രദേശിലെ ഗ്വാളിയോറിൽ ക്ഷേത്രമതിലിലേയ്ക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 15 മരണം . ഞായറാഴ്ച പുലർച്ചെയാണ് അപകടം. നെല്ല് കയറ്റിയ ട്രക്ക് പോലീസ് ബാരിക്കേഡുകൾ തകർത്ത്, ശീതള മാതാ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു . അപകടത്തിൽ 33 ഓളം പേർക്ക് പരിക്കേറ്റു . കുത്തനെയുള്ള ഇറക്കമുള്ളതിനാൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുള്ള ചിന്നോർ റോഡിൽ, പുലർച്ചെ 1.30-ഓടെയാണ് സംഭവം നടന്നത്.
റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കാണ് ബാരിക്കേഡുകൾ തകർത്ത് നിയന്ത്രണം വിട്ട് മുന്നോട്ട് കുതിച്ചത് . ഇറക്കത്തിലൂടെ കുതിച്ചെത്തിയ വാഹനം ക്ഷേത്രത്തിന്റെ പുറംമതിലിലും ഗേറ്റിലും ഇടിച്ചുനിന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഭക്തർ വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ് . സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചതായി ഗ്വാളിയോർ കളക്ടർ രുചിക ചൗഹാൻ അറിയിച്ചു.
നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ബാരിക്കേഡുകളും പോലീസ് ചെക്ക്പോയിന്റും സ്ഥാപിച്ചിരുന്നിട്ടും, ട്രക്ക് എങ്ങനെയാണ് നിയന്ത്രിത മേഖലയിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി. ഇതിനായി ആർ ടി ഓഫീസിൽ നിന്നുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അമിതഭാരം കയറ്റിയ ട്രക്കാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട് പോലീസിനും അധികൃതർക്കും വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. സാഹചര്യം വഷളായതോടെ, ക്രമസമാധാനം നിലനിർത്തുന്നതിനായി വൻ പോലീസ് സന്നാഹത്തെ പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രിയ്ക്ക് സമീപം വിന്യസിച്ചു.
ഗ്വാളിയോർ ട്രക്ക് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്, ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതം ലഭിക്കും.

