ധാക്ക : ബംഗ്ലാദേശിൽ മയക്കുമരുന്ന് റെയ്ഡിനായി കൈത്തോക്കുമായി എത്തിയ മന്ത്രിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു . ധാക്കയിലെ ഗെൻഡാരിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ചേരിയിലാണ് ലിബറേഷൻ വാർ അഫയേഴ്സ് സഹമന്ത്രി ഇഷ്റാഖ് ഹൊസൈൻ കൈത്തോക്കുമായി എത്തിയത് . ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ചത്. സഹായികൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ റെയ്ഡ് .
വീഡിയോയിൽ ഒരു കൈയിൽ മെഗാഫോണും മറുകൈയിൽ തോക്കുമായി ഹൊസൈൻ വാഹനത്തിൽ നിന്ന് ഇറങ്ങുന്നതും,സഹായികൾ അദ്ദേഹത്തെ പിന്തുടരുന്നതും കാണാം. സഹായികളിൽ ഒരാളിന്റെ കയ്യിലും കൈത്തോക്ക് ഉണ്ടായിരുന്നു. ‘ നിങ്ങൾ ഈ നഗരത്തെയാകെ നശിപ്പിക്കുകയാണ്, ഈ പ്രദേശം മുഴുവൻ നിങ്ങൾ തകർക്കുകയാണ് ‘ എന്ന് ഹൊസൈൻ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.
പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അംഗമാണ് 39-കാരനായ ഹൊസൈൻ . അതേസമയം അദ്ദേഹത്തിന്റെ സഹായികൾ പിടികൂടിയവരിൽ ചിലർ തങ്ങൾ നിരപരാധികളാണെന്നാണ് പറയുന്നത് .മന്ത്രി പോലീസിനെ മുൻകൂട്ടി അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നും, ആറോളം പേരെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചുവെന്നും പോലീസ് അറിയിച്ചു.

