സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും തമ്മിലുള്ള വിവാഹവാർത്തകൾ സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി .കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും ഹൈദരാബാദിലെ വസതിയിൽ വെച്ച് എ. രേവന്ത് റെഡ്ഡിയെ കണ്ടതിന് പിന്നാലെയാണ്, മുഖ്യമന്ത്രി ഈ വിവരം പുറത്ത് വിട്ടത്.
“സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും ജൂബിലി ഹിൽസിലെ വസതിയിൽ വെച്ച് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ സന്ദർശിക്കുകയും, തങ്ങളുടെ മകൾ കാവ്യ മാരന്റെ വിവാഹ സൽക്കാരത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. കാവ്യ മാരന്റെയും അനിരുദ്ധ് രവിചന്ദറിന്റെയും വിവാഹ സൽക്കാരം നവംബർ 21-ന് ചെന്നൈയിൽ നടക്കും.” എന്നാണ് രേവന്ത് റെഡ്ഡി സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്.
കാവ്യയും, അനിരുദ്ധും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാസങ്ങളായി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. അതേസമയം വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അനിരുദ്ധോ കാവ്യയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നവംബറിൽ ഗ്രീസിൽ വെച്ചായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിട്ടില്ല.

