കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിലെ ചോർബഗാൻ സർബോജനീൻ ദുർഗ്ഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 മരണം . 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്തലിന് പുറത്ത് കാത്തുനിന്ന ആയിരക്കണക്കിന് ഭക്തർ, അപ്രതീക്ഷിതമായി മഴ പെയ്തപ്പോൾ അഭയം തേടി അകത്തേയ്ക്ക് കയറാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായത്. ഇതിനിടെ പലരും തെന്നിവീഴുകയായിരുന്നു . അടിയന്തര സേവന വിഭാഗങ്ങളും ദുരന്തനിവാരണ ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, ചീഫ് സെക്രട്ടറി മനോജ് അഗർവാൾ, ആരോഗ്യമന്ത്രി ശരദ്വത് മുഖർജി എന്നിവർ ആശുപത്രിയിലെത്തി ചികിത്സാ നടപടികളും ദുരന്തബാധിതർക്കുള്ള അടിയന്തര ക്രമീകരണങ്ങളും വിലയിരുത്തുന്നുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി .
മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റ ഓരോരുത്തർക്കും 50,000 രൂപയും ധനസഹായമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഞായറാഴ്ച നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ച്, ദുരന്തബാധിതരെ സന്ദർശിക്കാനെത്തും.

