കൊൽക്കത്ത ; ദുർഗ്ഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി . 25-ഓളം പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് സംഘാടക സമിതി അംഗങ്ങൾ ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
‘ചോർബഗാൻ സർവ്വജനീൻ ദുർഗ്ഗാ പൂജ’ പന്തലിലാണ് സംഭവം . ശക്തമായ മഴയുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. വൻ ജനത്തിരക്കും സ്ഥലത്ത് ഉണ്ടായിരുന്നു . ജനത്തിരക്ക് കാരണം താൽക്കാലികമായി നിർമ്മിച്ച പന്തലിന്റെ ഒരു ഭാഗം തകർന്നു വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ്, അഗ്നിശമന സേന, ദുരന്തനിവാരണ സേന എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട് . സംഭവത്തെത്തുടർന്ന് ചോർബഗാൻ ദുർഗ്ഗാ പൂജ കമ്മിറ്റി ജനറൽ സെക്രട്ടറി ജയന്ത ബാനർജി തന്റെ സ്ഥാനത്തുനിന്ന് രാജിവച്ചു. കമ്മിറ്റിയിലെ മറ്റ് ഭാരവാഹികളും രാജി സന്നദ്ധത അറിയിച്ചു.
സംസ്ഥാന സർക്കാർ ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി പശ്ചിമ ബംഗാൾ മന്ത്രി ഉമേഷ് റായ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കാനിരുന്ന പരിപാടിയും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും ഇടുങ്ങിയതായിരുന്നുവെന്നും, സ്ഥലത്ത് മതിയായ വെളിച്ചം ഇല്ലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ദുരന്തത്തെത്തുടർന്ന് സഹായത്തിനായി പശ്ചിമ ബംഗാൾ സർക്കാർ 18003455678 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചു.
മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. പശ്ചിമ ബംഗാൾ ആരോഗ്യമന്ത്രി ശരദ്വത് മുഖർജിയും ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതിയിലെ നിലവിലുള്ള ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ ജോലിയും 25 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

