ഹൈദരാബാദ് ; തെലങ്കാനയിൽ അനധികൃതമായി മൃഗങ്ങളുടെ രക്തം ശേഖരിക്കുന്നതായി റിപ്പോർട്ട് . ഹൈദരാബാദ് സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ ചെമ്മരിയാടുകളുടെ അടക്കം 1,000 ലിറ്റർ രക്തം കണ്ടെത്തി . കാച്ചിഗുഡയിലെ “CNK ഇംപോർട്ട് ആൻഡ് എക്സ്പോർട്ട്” എന്ന സ്ഥാപനത്തിലാണ് നിയമവിരുദ്ധമായി മൃഗങ്ങളുടെ രക്തം ശേഖരിച്ച് വച്ചതായി കണ്ടെത്തിയത്.
പോലീസ് സ്ഥലം റെയ്ഡ് ചെയ്തപ്പോൾ, രക്തം അടങ്ങിയ പായ്ക്കറ്റുകൾ കയറ്റുമതിയ്ക്കായി തയ്യാറാക്കി അടുക്കി വച്ചിരിക്കുകയായിരുന്നു. കശാപ്പുശാലയിൽ നിന്നല്ല, ജീവനുള്ള മൃഗങ്ങളിൽ നിന്നാണ് രക്തം വേർതിരിച്ചെടുക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൃഗക്ഷേമ നിയമങ്ങൾ പ്രകാരം ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. മൃഗങ്ങളെ ചൂഷണം ചെയ്യുന്നതും നിയമവിരുദ്ധമായ ബയോമെഡിക്കൽ വിതരണ ശൃംഖലകൾ നടത്തുന്നതുമായ ഏറ്റവും വലിയ കേസാണിതെന്ന് പൊലീസ് പറയുന്നു.
ജീവനുള്ള മൃഗങ്ങളിൽ നിന്ന് രക്തം ശേഖരിച്ച് ഹരിയാന ഹരിയാനയിലെ ഒരു സ്ഥാപനത്തിലേക്ക് രക്തം കയറ്റി അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ ഇത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമല്ല. നിയമവിരുദ്ധമായ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. അനധികൃത മെഡിക്കൽ ഗവേഷണങ്ങളിൽ ബദലായി ഇത് ഉപയോഗിക്കുന്നുവെന്നും സംശയമുണ്ട്.
റെയ്ഡിന് ശേഷം സിഎൻകെ ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് ഉടമയായ നികേഷ് ഒളിവിലാണ്. മൃഗ ക്രൂരത, നിയമവിരുദ്ധ വ്യാപാരം, ബയോമെഡിക്കൽ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. പിടിച്ചെടുത്ത രക്തസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

