കളിച്ചുകൊണ്ടിരിക്കെ കയ്യിൽ ചുറ്റിയ മൂർഖനെ കടിച്ചുകൊന്ന് ഒരുവയസുകാരൻ . ബീഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ഗോവിന്ദ് എന്ന ഒരു വയസ്സുള്ള കുട്ടിയുടെ കൈയിലാണ് പാമ്പ് ചുറ്റിയത് .
മൂർഖൻ അടുത്തേക്ക് ഇഴഞ്ഞു വന്ന് കൈയിൽ ചുറ്റിയതോടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുഞ്ഞ് പാമ്പിനെ കടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കടിയേറ്റ പാമ്പ് തൽക്ഷണം മരിച്ചു.
ഏതാനും മണിക്കൂറുകൾക്ക് ശേഷം, ഗോവിന്ദയുടെ നില വഷളാകാൻ തുടങ്ങി. പരിഭ്രാന്തരായ കുടുംബം ആദ്യം കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് (പിഎച്ച്സി) കൊണ്ടുപോയി, അവിടെ നിന്ന് ബെട്ടിയയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റി .കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തുവെന്നും നിരീക്ഷണത്തിലാണെന്നും ജിഎംസിഎച്ച് ഡോക്ടർമാർ പറഞ്ഞു.
സംഭവസമയത്ത് താനും, കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും, താൻ വിറക് ശേഖരിക്കാൻ വീടിന്റെ പിന്നിൽ നിൽക്കുകയായിരുന്നുവെന്നും ഗോവിന്ദയുടെ അമ്മ പറഞ്ഞു.

