ഡബ്ലിൻ: തെക്കൻ ഡബ്ലിനിൽ പാറക്കെട്ടിന് മുകളിൽ നിന്നും വീണ് സ്ത്രീയ്ക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഷാങ്നാഗ് പാറക്കെട്ടിൽ നിന്ന് വീണാണ് ഇവർക്ക് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
40 അടി താഴ്ചയിലേക്കാണ് സ്ത്രീ വീണത് എന്നാണ് ഡൺ ലാഘോവെയർ കോസ്റ്റ് ഗാർഡ് പറയുന്നത്. രാത്രി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടനെ തന്നെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ ഡൺ ലാഘോവെയർ തീരത്ത് ജെറ്റ് സ്കീ മറിഞ്ഞ് രണ്ട് പേർ അപകടത്തിൽപ്പെട്ടു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവരെയും ഡൺ ലാഘോവെയർ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ രക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ് സ്ത്രീ അപകടത്തിൽപ്പെട്ട വിവരം കോസ്റ്റ് ഗാർഡിന് ലഭിച്ചത്.

