ഡബ്ലിൻ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇന്നലെ ശക്തമായ കാറ്റിനെ തുടർന്ന് ഒൻപത് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. നിരവധി വിമാനങ്ങൾ വൈകി സർവ്വീസ് നടത്തി.
എട്ട് വിമാനങ്ങൾ ഷാനൻ വിമാനത്താവളത്തിലേക്കും, ഒരു വിമാനം ബർമിംഗ്ഹാം വിമാനത്താവളത്തിലേക്കും വഴിതിരിച്ചുവിട്ടുവെന്നാണ് ഡിഎഎ എയർപോർട്ട് ഓപ്പറേറ്റർ നൽകുന്ന വിവരം. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ 9 വിമാനങ്ങളും ഡബ്ലിനിൽ ഇറങ്ങി.
ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ഡബ്ലിൻ വിമാനത്താവള പരിസരത്ത് കാറ്റ് അനുഭവപ്പെട്ടത്. തെക്ക് ദിശയിൽ നിന്നുള്ള കാറ്റ് ആയിരുന്നു ആഞ്ഞ് വീശിയത്. ഇതാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ഇതേ തുടർന്ന് റൺവേയിലെ ക്രമീകരണങ്ങളിൽ ഉൾപ്പെടെ അധികൃതർ മാറ്റങ്ങൾ വരുത്തി.

