വിക്ലോ: ആർക്ലോയിലെ ഡാറ്റാ സെന്റർ ക്യാമ്പസിൽ പുതിയ സോളാർ ഫാം നിർമ്മിക്കുന്നതിനുള്ള അനുമതി നിഷേധിച്ച് വിക്ലോ കൗണ്ടി കൗൺസിൽ. ഐറിഷ് കമ്പനിയായ എച്ചെലോൺ നൽകിയ അപേക്ഷയാണ് നിരസിച്ചത്.
കിഷ് ബിസിനസ് പാർക്കിലെ DUB30 ഡാറ്റാ സെന്ററിന്റെ ഭാഗമായി സോളാർ ഫാം നിർമ്മിക്കാൻ ആയിരുന്നു എച്ചെലോണിന്റെ പദ്ധതി. സോളാർ ഫാമിനൊപ്പം രണ്ട് വെയർഹൗസുകൾ കൂടി നിർമ്മിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു.
2,400 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള രണ്ട് വെയർഹൗസുകളും ഏകദേശം 40 ഏക്കറിൽ ഒരു സോളാർ പാനൽ ഫാമും ഉൾപ്പെടുന്നതാണ് കമ്പനിയുടെ പദ്ധതി. ജൂലൈ 9 ന് ആയിരുന്നു പദ്ധതിയ്ക്കായുള്ള അപേക്ഷ കമ്പനി കൗൺസിൽ മുൻപാകെ സമർപ്പിച്ചത്. ഇത് കഴിഞ്ഞ ആഴ്ച കൗൺസിൽ പരിഗണിക്കുകയായിരുന്നു. നിലവിലെ സോണിംഗ് വ്യവസ്ഥകൾക്ക് അനുയോജ്യമല്ല പദ്ധതി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്.

