ഡബ്ലിൻ: വേപ്പുകളുടെ ഉപയോഗം പുതിയ തലമുറയെ പുകവലിയിലേക്ക് ആകർഷിക്കുന്നതായി കണ്ടെത്തൽ. വേപ്പിംഗ് പുതുതലമുറയെ പുകവലിയിൽ നിന്നും അകറ്റി നിർത്തുകയല്ല, മറിച്ച് നിക്കോട്ടിനിലേക്ക് കൂടുതൽ ആകർഷിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഒരു സംഘം വിദഗ്ധരുടെ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ റിപ്പോർട്ട് ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത് യൂറോപ്പ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം വേപ്പ്, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
എച്ച്എസ്ഇ, ട്രിനിറ്റി കോളേജ്, ആർസിഎസ്ഐ, കോർക്ക് യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. കണ്ടെത്തലിലേക്ക് നയിച്ച തെളിവുകളും ഗവേഷകർ പുറത്തുവിട്ടിട്ടുണ്ട്. വേപ്പുകളുടെ ഉപയോഗത്തിലൂടെ പുതുതലമുറയ്ക്കിടയിലെ പുകവലി കുറയ്ക്കാൻ കഴിയുകയില്ല. ഇത് മാത്രവുമല്ല പുകവലി കുറയ്ക്കാനുള്ള ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

