ഡബ്ലിൻ: വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഉയിസ് ഐറാന് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്നത് നിരവധി പരാതികൾ. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വെള്ളത്തിൽ നിന്നും രണ്ടായിരം പേർക്കാണ് അസുഖം പകർന്നത്. 2022 മുതൽ 2025 വരെയുള്ള കാലയളവിൽ ഏഴായിരത്തിലധികം പരാതികളാണ് ഉയിസ് ഐറാന് ലഭിച്ചിരിക്കുന്നത്.
വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. വെള്ളത്തിന്റെ നിറം മാറ്റം സംബന്ധിച്ച് 1,728 പരാതികൾ ഉയിസ് ഐറാന് ലഭിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ചുള്ള 458 പരാതികളും ലഭിച്ചു. 2022 ജനുവരിയ്ക്കും 2025 ഡിസംബറിനും ഉള്ളിൽ 7,264 പരാതികൾ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് വർഷത്തിനിടെ വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ചുള്ള പരാതികളിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. പോയ വർഷം 126 പരാതികളാണ് വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഉയിസ് ഐറാന് ലഭിച്ചത്. ഈ വർഷം ഇതുവരെ ഇത് 140 ആണ്.

