ഡബ്ലിൻ: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായുള്ള തിരക്കിലാണ് ഐറിഷ് ജനത. ഷോപ്പിംഗും ക്ഷണവുമെല്ലാം ഈ മാസം ആദ്യം തന്നെ അയർലൻഡുകാർ ആരംഭിച്ചിരുന്നു. ഇനി ഒരാഴ്ച മാത്രമാണ് ക്രിസ്തുമസിന് ബാക്കിയുള്ളത്.
24ാം തിയതി വൈകുന്നേരം മുതലാണ് ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമാകുക. അപ്പോഴേയ്ക്കും ദൂരദേശങ്ങളിലുള്ളവർ അവരവരുടെ വീടുകളിൽ എത്തിയിരിക്കും. കുടുംബ വീടുകളിലോ അയൽ വീടുകളിലോ ആയിരിക്കും പ്രധാനമായും തലേദിവസത്തെ ആഘോഷം. പ്രാദേശിക പബ്ബുകളിലും ആഘോഷത്തിന്റെ ഭാഗമായി ആളുകൾ ഒത്തുകൂടാറുണ്ട്.
ക്രിസ്തുമസ് ദിനത്തിൽ രാവിലെ മുതൽക്കേ ആഘോഷങ്ങൾ ആരംഭിക്കും. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും ഉണ്ടാകും. ഇതിൽ പങ്കുകൊണ്ടതിന് പിന്നാലെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുക. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും സമ്മാനങ്ങൾ കൈമാറിയും ക്രിസ്തുമസ് ദിനം അതിവേഗം കടന്ന് പോകും.
ക്രിസ്തുമസ് ദിനത്തിന്റെ പിറ്റേ ദിവസം അയർലൻഡിൽ പൊതുഅവധിയാണ്. ഡിസംബർ 26 ഐറിഷ് ജനതയ്ക്ക് സെന്റ് സ്റ്റീഫൻസ് ദിനമാണ്. എന്നാൽ അന്നേദിവസം പ്രത്യേകിച്ച് പരിപാടികളോ ആഘോഷങ്ങളോ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ സെന്റ് സ്റ്റീഫൻസ് ദിനം അയർലൻഡുകാർക്ക് ക്രിസ്തുമസ് ആഘോഷത്തിന് ശേഷം വിശ്രമിക്കുന്നതിനുള്ള ദിനം കൂടിയാണ്. യുകെയിൽ ഡിസംബർ 26 ബോക്സിംഗ് ദിനം എന്നാണ് അറിയപ്പെടുന്നത്. അന്നേ ദിനമാണ് ജോലിക്കാർക്കും മറ്റ് തൊഴിലാളികൾക്കുമെല്ലാം അവരുടെ യജമാനന്മാരുടെ പക്കൽ നിന്നും ക്രിസ്തുമസ് സമ്മാനങ്ങൾ ലഭിക്കുക. ഇക്കാരണത്താലാണ് ബോക്സിംഗ് ദിനമെന്ന പേര് ലഭിച്ചത്.

