ഡബ്ലിൻ: അയർലന്റിൽ എച്ച്എപി ( ഹൗസിംഗ് അസിസ്റ്റൻസ് പേയ്മെന്റ്) പദ്ധതിയ്ക്ക് കീഴിൽ ലഭിക്കുന്ന വീടുകളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മാസം വീടുകളുടെ എണ്ണം 32 ആയാണ് കുറഞ്ഞത്. സൈമൺ കമ്യൂണിറ്റീസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
കഴിഞ്ഞ മാസം മൂന്ന് തിയതികളിലായി 16 പ്രദേശങ്ങളിൽ നടത്തിയ സർവ്വേയുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 978 പ്രോപ്പർട്ടികൾ ഏത് വാടക നിരക്കിലും ലഭ്യമാണെന്ന് കണ്ടെത്തി. 2024 ജൂണിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 17 ശതമാനം കുറവാണ്. കഴിഞ്ഞ വർഷം ജൂണിൽ 1,178 പ്രോപ്പർട്ടികളാണ് ഏത് വാടകനിരക്കിലും ലഭ്യമായിരുന്നത്.
കഴിഞ്ഞ മാസം 16 സ്ഥലങ്ങളിൽ എട്ട് സ്ഥലങ്ങളിൽ മാത്രമാണ് വീടുകൾ ലഭ്യമായിരുന്നത്. അത്ലോൺ, കോർക്ക് സിറ്റി സെന്റർ, കോർക്ക് സിറ്റി, കൗണ്ടി ലെയ്ട്രിം, ലിമെറിക് സിറ്റി സെന്റർ, സ്ലിഗോ ടൗൺ, പോർട്ട്ലീഷ്, വാട്ടർഫോർഡ് സിറ്റി സെന്റർ എന്നിവിടങ്ങളിൽ മാത്രമാണ് പ്രോപ്പർട്ടികൾ ഒഴിവുണ്ടായിരുന്നത്.

