ഡബ്ലിൻ: ‘ദി ബീറ്റിൽസ് വീക്കെൻഡ്’ ആഘോഷിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. ഈ മാസം 22 മുതലാണ് വാരം ആഘോഷിക്കുക. ഇതിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ 22 മുതൽ 24 വരെ ഡബ്ലിനിലെ വിവിധ വേദികളിലായി നടക്കും. ഡബ്ലിനും ലിവർപൂളും തമ്മിലുള്ള ദൃഢമായ ബന്ധത്തെയും സൗഹൃദത്തെയും സൂചിപ്പിക്കാനാണ് ബീറ്റിൽസ് വീക്കെൻഡ് ആഘോഷിക്കുന്നത്. മിഡിൽ ആബി സ്ട്രീറ്റിലെ വിഗ്വാമിലും ടെമ്പിൾ ബാറിലും പാർലമെന്റ് സ്ട്രീറ്റിലും ബീറ്റിൽസ് വീക്കെൻഡിന്റെ ഭാഗമായി ആഘോഷപരിപാടികൾ നടക്കും.
ലിവർപൂൾ എന്ന മഹാനഗരവുമായി തങ്ങൾക്ക് ദീർഘകാല ബന്ധമുണ്ടെന്ന് ഡബ്ലിൻ ലോർഡ് മേയർ റേ മക്ആഡം പറഞ്ഞു. ലിവർപൂളുമായി ചേർന്ന് ആഴത്തിലുള്ളതും വാത്സല്യം നിറഞ്ഞതുമായ കുടുംബ-സാമൂഹ്യ ബന്ധം തലമുറകളായി ഡബ്ലിൻ കാത്ത് സൂക്ഷിക്കുന്നു. വാരാന്ത്യ ആഘോഷപരിപാടികൾ ഇരു നഗരങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

