അയര്‍ലണ്ടിലെ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി കണ്ടെത്തല്‍. മെന്റൽ ഹെൽത്ത് കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത് . ലൈംഗികാതിക്രമങ്ങളില്‍ ഒരു വര്‍ഷത്തിനിടെ വലിയ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2024-ല്‍ ഇത്തരം 76 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2023-ല്‍ ഇത് 42-ഉം, 2022-ല്‍ 12-ഉം ആയിരുന്നിടത്താണ് കുറ്റകൃത്യങ്ങള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നത്.
ഇതേത്തുടര്‍ന്ന് അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി MHC അറിയിച്ചു. അതേസമയം മാനസികോരോഗ്യകേന്ദ്രങ്ങളില് സംഭവിക്കുന്ന മറ്റ് കാര്യങ്ങളുടെ വിശദമായ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 2024-ല്‍ വീഴ്ചയെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് വൈകല്യങ്ങളുണ്ടായ സംഭവങ്ങളുമുണ്ടാകുന്നുണ്ട്. ശാരീരികമായി ഉപദ്രവിക്കുക വഴി അന്തേവാസികള്‍ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് സംഭവങ്ങളും കഴിഞ്ഞ വര്‍ഷമുണ്ടായി.
രാജ്യത്തെ 27 കേന്ദ്രങ്ങളിലായി 434 രോഗികള്‍ക്ക് കഴിഞ്ഞ വര്‍ഷം 744 തവണയായി ഏകാന്തവാസം വേണ്ടിവന്നതായാണ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിലൂടെ രോഗികളെ ശാന്തരാക്കേണ്ടിവന്ന 2,092 സംഭവങ്ങളും കഴിഞ്ഞ വര്‍ഷം MHC-ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024-ലെ പരിശോധനകളില്‍ നിലവാരത്തില്‍ വീഴ്ച വരുത്തിയതായി കണ്ടത് 17 മാനസികാരോഗ്യകേന്ദ്രങ്ങളാണ്.

