നോർത്ത് ഡബ്ലിൻ: ഫിൻഗൽസിൽ ഉണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഫിൻഗൽസിലെ ഗെന്റീസ് പാർക്കിൽ സ്ഫോടനം ഉണ്ടായത്.
ക്രിമിനൽ സംഘങ്ങളുടെ പകയുടെ ഭാഗമായിരുന്നു ആക്രമണം എന്നാണ് പോലീസ് പറയുന്നത്. പ്രദേശത്ത് താമസിക്കുന്ന ക്രിമിനലിന്റെ വീട് ലക്ഷ്യമിട്ട് ആയിരുന്നു എതിർസംഘം ഐഇഡി ആക്രമണം നടത്തിയത്. എന്നാൽ ഇത് ലക്ഷ്യം തെറ്റി പ്രദേശവാസിയായ മറ്റൊരു കുടുംബത്തിന്റെ വീട്ടിൽ പതിയ്ക്കുകയായിരുന്നു. ഡ്രോൺ ഉപയോഗിച്ച് ആയിരുന്നു പ്രതികൾ സ്ഫോടനം നടത്തിയത്.
സ്ഥലത്ത് എത്തിയ പോലീസും ബോംബ് സ്ക്വാഡും വിശദമായ പരിശോധന നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളെ സ്ഥലത്ത് നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി പാർപ്പിച്ചു.

