ഡബ്ലിൻ: ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 സീസൺ 3 ൽ കോളിളക്കം സൃഷ്ടിക്കാൻ പ്രമുഖ മലയാളി ഗായിക റിമി ടോമിയും സംഘവും എത്തുന്നു. അയർലന്റിലെ മലയാളികൾക്കായി ലൈവ് മ്യൂസിക് ഷോയാണ് റിമിയും സംഘവും ഒരുക്കുന്നത്. ഓഗസ്റ്റ് രണ്ടിന് ക്ലോൺമെൽ ടൗൺ പാർക്കിലാണ് വിപുലമായ പരിപാടികൾ അരങ്ങേറുക. രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കുന്ന ഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്.
ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമ്മർ ഫെസ്റ്റ് ഒരുക്കുന്നത്. പ്രമുഖ കീറ്റാറിസ്റ്റ് സുമേഷ് കൂട്ടിക്കലിന്റെ തകർപ്പൻ പ്രകടനം പരിപാടിയുടെ ഭാഗമായി ഉണ്ടാകും. ഐഎം വിജയൻ വിശിഷ്ടാതിഥിയായി എത്തുന്ന പരിപാടിയിൽ ഫ്രണ്ട്ലി ഫുട്ബോൾ മാച്ചും നടക്കും. മറ്റ് അനവധി പരിപാടികളും സമ്മർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

