ഡബ്ലിൻ: വിദ്യാർത്ഥികൾക്കായുള്ള സ്വകാര്യ താമസസ്ഥലങ്ങളുടെ വാടക വർധിപ്പിക്കാൻ വ്യക്തികൾക്ക് അനുമതി നൽകാനുള്ള സർക്കാർ നിർദ്ദേശത്തിനെതിരെ വിമർശനം. ഉയർന്ന വാടക വിദ്യാർത്ഥികൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിമർശനം. വിദ്യാഭ്യാസ വകുപ്പാണ് വാടക വർധിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്.
കൂടുതൽ നിർമ്മാതാക്കളെ വിപണിയിലേക്ക് ആകർഷിക്കുക ലക്ഷ്യമിട്ടാണ് നിർദ്ദേശം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഇത് കൂടുതൽ താമസസ്ഥലങ്ങളുടെ നിർമ്മാണത്തിന് വഴിയൊരുക്കുകയും വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കുറയ്ക്കുകയും ചെയ്യുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ ഇത് പലരും പഠനം ഉപേക്ഷിച്ച് പോകാൻ തന്നെ കാരണം ആകുമെന്നാണ് വിദ്യാർത്ഥി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

