ഡബ്ലിൻ: അയർലൻഡിലെ പുതിയ ഭവന നയങ്ങൾക്കെതിരെയുള്ള ഹർജികൾ ഡിസംബറിൽ പരിഗണിക്കും. ഡിസംബറിൽ വാദം കേൾക്കാൻ ഹൈക്കോടതി ജസ്റ്റിസ് റിച്ചാർഡ് ഹംഫ്രീസ് അനുമതി നൽകി. പുതിയ അപ്പാർട്ട്മെന്റുകളുടെ ആസൂത്രണ അനുമതി സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾക്കെതിരെയാണ് ഹൈക്കോടതി മുൻപാകെ ഹർജികൾ ലഭിച്ചിരിക്കുന്നത്.
സ്റ്റുഡിയോ അപ്പാർട്ട്മെന്റ് ഡവലപ്പർമാർക്ക് ഒരു പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഒന്ന്. ഇതിനെതിരെ പരിസ്ഥിതി മാധ്യമ പ്രവർത്തകൻ ഫ്രാങ്ക് മക്ഡൊണാൾഡ്, ലേബർ പാർട്ടിയുടെ ദരാഗ് മൊറിയാർത്തി, ഗ്രീൻ പാർട്ടിയുടെ ഡേവിഡ് ഹേലി, ഡാൻ ബോയ്ലേ, സ്വതന്ത്ര കൗൺസിലർ പദ്രെയ്ഗ് മക്ഇവോയ് എന്നിവരാണ് ഹർജിയുമായി രംഗത്ത് എത്തിയത്. ഭവന മന്ത്രിയുടെ പുതിയ അപ്പാർട്ട്മെന്റ് നയങ്ങൾ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.

