ഡബ്ലിൻ: പെൻഷൻ വിഷയത്തിൽ വർക്ക്പ്ലേസ് റിലേൻഷൻസ് കമ്മീഷനുമായി ( ഡബ്ല്യുആർസി) ഫോർസ ഇന്ന് ചർച്ച നടത്തും. അനിശ്ചിതകാല സമരം ഫോർസ പിൻവലിച്ചതിന് പിന്നാലെയാണ് കമ്മീഷനുമായി അംഗങ്ങൾ വീണ്ടും ചർച്ച നടത്തുന്നത്. ഈ മാസം ആദ്യവും വിഷയത്തിൽ ചർച്ച നടന്നിരുന്നു.
ഈ മാസം ആദ്യം രണ്ട് മണിക്കൂർ നീണ്ട ചർച്ചയായിരുന്നു നടന്നത്. ഇതിന്റെ ബാക്കിയാണ് ഇന്ന് തുടരുന്നത് എന്ന് ഫോർസ അംഗങ്ങൾ അറിയിച്ചു. തങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചേ മതിയാകൂ എന്ന നിലപാടിലാണ് ഫോർസ. സ്കൂൾ സെക്രട്ടറിമാർക്കും കെയർടേക്കർമാർക്കും പെൻഷൻ നൽകുന്നതിന് പുറമേ സിക്ക് ലീവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകണമെന്നാണ് ഫോർസയുടെ ആവശ്യം. 2600 ഓളം സ്കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരുമാണ് ഫോർസയിൽ അംഗങ്ങളായിട്ടുള്ളത്. ഇവരുടെ പണിമുടക്ക് രണ്ടായിരത്തോളം സ്കൂളുകളുടെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു.

