തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയി മടങ്ങവെ ഓട്ടോറിക്ഷ ഇടിച്ച് ഗുരുതര പരിക്കേറ്റ സ്ഥാനാര്‍ഥി മരിച്ചു.കോര്പറേഷന് വിഴിഞ്ഞം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്റ്റിന് ഫ്രാന്‍സിസ് (60) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് മരണം.
ഇതോടെ കോർപ്പറേഷന്റെ വാർഡ് 66- ലെ തിരഞ്ഞെടുപ്പ് കേരള മുനിസിപ്പൽ ആക്ട് 124 വകുപ്പ് പ്രകാരം മാറ്റിവെച്ചതായി വരണാധികാരി സബ്കളക്ടർ ഒ.വി. ആൽഫ്രഡ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിഴിഞ്ഞം വാർഡിലെ 10 ബൂത്തുകളും രാത്രിയോടെ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി.
ശനിയാഴ്ച രാത്രി ഞാറവിളകരയടിവിള റോഡിലായിരുന്നു അപകടം. ജസ്റ്റിന് ഫ്രാന്‍സിസിന്റെ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.വാഹനം ഇടിച്ച സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് പറഞ്ഞ ബന്ധുക്കള്‍ വിശദ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

