ഡബ്ലിൻ: ടിക് ടോക്കിലെ പാസീവ് സ്ക്രോളിംഗ് കുട്ടികളെ തെറ്റായ ഉള്ളടക്കങ്ങളിലേക്ക് എത്തിക്കുന്നുവെന്ന് കണ്ടെത്തൽ. ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെയും എച്ച്എസ്ഇയുടെ പൊതുജനാരോഗ്യവകുപ്പിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. വിദ്വേഷം വളർത്തുന്ന ആശയങ്ങൾ, ആത്മഹത്യയുടെ ചിത്രീകരണങ്ങൾ തുടങ്ങിയവ അടങ്ങിയ ഉള്ളടക്കമാണ് കുട്ടികൾ കാണാൻ ഇടയാകുന്നത്.
ഡമ്മി ടിക് ടോക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു പഠനം. 13 നും 15 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും രണ്ട് വീതം അക്കൗണ്ടുകൾ ഇത്തരത്തിൽ സൃഷ്ടിച്ചു. ടിക്ക് ടോക്കിലെ ഫോർ യു ഫീഡിൽ കൗമാരക്കാർക്കായി ഇവർ നിർദ്ദേശിക്കുന്ന 20 വീഡിയോ ക്ലിപ്പുകളിൽ സുരക്ഷാ നയങ്ങൾക്ക് ലംഘിക്കുന്ന തരത്തിലുള്ളവ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഇത്തരം ഉള്ളടക്കങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് പഠനം നിർദ്ദേശിക്കുന്നു.

