ഡബ്ലിൻ: മകൾ നേരിട്ട വംശീയ ആക്രമണത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി വാട്ടർഫോർഡിലെ കോട്ടയം സ്വദേശികളായ ദമ്പതികൾ. നാളെ ഉപപ്രധാനമന്ത്രിയുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം പ്രതിഷേധത്തിനായുള്ള തിയതി തീരുമാനിക്കും. മകൾക്ക് ശേഷവും ഇന്ത്യക്കാർ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ശക്തമായ പ്രതിഷേധത്തിന് നവീനും അനുപയും ഒരുങ്ങുന്നത്.
തലസ്ഥാന നഗരിയായ ഡബ്ലിനിൽ എല്ലാ രാജ്യക്കാരെയും വംശീയ ആക്രമണങ്ങൾക്കെതിരെ അണിനിരത്താനാണ് കുടുംബത്തിന്റെ തീരുമാനം. പ്രതിഷേധത്തിന് ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുളള കുടിയേറ്റക്കാരുടെ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്സസ് സംഘടനകളും കൂട്ടായ്മകളും പ്രതിഷേധത്തിന്റെ ഭാഗമാകും. ഇനിയൊരു ഇന്ത്യക്കാരനും അയർലൻഡിൽ ആക്രമിക്കപ്പെടരുതെന്ന് ദമ്പതികൾ പ്രതികരിച്ചു.

