ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ആറാമത് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് സിറോ മലബാർ യൂത്ത് മൂവ്മെന്റ്. കഴിഞ്ഞ മാസം 30 നായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്. ബെൽഫാസ്റ്റിലെ സെന്റ് ഫീൽഡ് ഫുട്ബോൾ ഗ്രൗണ്ട് ആയിരുന്നു വേദി. ടൂർണമെന്റിൽ 15 ഓളം ടീമുകൾ പങ്കാളികളായി. 300 ലധികം പേരാണ് കായിക മേളയുടെ ഭാഗമായത്.
സീനിയർ, ജൂനിയർ വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങൾ. സീനിയർ വിഭാഗത്തിൽ ലിസ്ബൺ ടീം ജേതാക്കളായി. പോർട്ടഡൗൺ ടീമാണ് റണ്ണറപ്പായത്. ഡൊണാൾഡ് ജോസഫ് മികച്ച കളിക്കാരനും ജോൺ ബൈജു മികച്ച ഗോൾഗീപ്പറായും മാറി.
ജൂനിയർ വിഭാഗത്തിൽ ഡെറി ടീം ആണ് വിജയിച്ചത്. ബെൽഫാസ്റ്റ് ടീം രണ്ടാമതായി. റോഹൻ മികച്ച കളിക്കാരനായും ക്ലിന്റ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

