തിരുവനന്തപുരം : പതിവ് തെറ്റിക്കാതെ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി ഡോ. ഡയാൻ ജെനെറ്റ് . രണ്ട് ദിവസം മുമ്പ് യുഎസിൽ നിന്ന് എത്തിയ ജെനെറ്റും സുഹൃത്തുക്കളും ശ്രീകണ്ഠേശ്വരത്താണ് പൊങ്കാല അർപ്പിക്കുന്നത് . ഇതിനായി ഇവിടെയുള്ള സുഹൃത്തുക്കൾ വഴി സ്ഥലം ബുക്ക് ചെയ്തിരുന്നു.
ജെന്നറ്റ് അവസാനമായി പൊങ്കാലയ്ക്ക് വന്നത് 2023-ൽ മകൾ ജെമിക്കൊപ്പമാണ്. ദേവിയുടെ മുന്നിൽ മകൻ സൈമണിന്റെ തുലാഭാരം നടത്തിയ ശേഷമാണ് അവർ മടങ്ങിയത്. 1994 ലാണ് ജെനറ്റ് ആദ്യമായി തിരുവനന്തപുരത്ത് എത്തുന്നത്. സ്ത്രീകളുടെ ആത്മീയതയെക്കുറിച്ചുള്ള ഗവേഷണം നടത്തുന്നതിനിടയിലാണ് ആറ്റുകാൽ പൊങ്കാലയുടെ മഹത്വത്തെക്കുറിച്ച് അവർ മനസ്സിലാക്കിയത്.
1997 ൽ, വനിതാ കോളേജിലെ മുൻ അധ്യാപികയായ ഹേമയ്ക്കും ചെന്നൈയിൽ നിന്നുള്ള സുഹൃത്ത് മഹാലക്ഷ്മിക്കുമൊപ്പം ജെനറ്റ് തന്റെ ആദ്യത്തെ പൊങ്കാല അർപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ വനിതാ ഉത്സവ ഒത്തുചേരൽ എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ആറ്റുകാൽ പൊങ്കാല ഉൾപ്പെടുത്താനും അവർ ട്രസ്റ്റിനെ സഹായിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ സാൻ ഫ്രാൻസിസ്കോ ട്രാൻസ്പേഴ്സണൽ സൈക്കോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ ജെനറ്റ്, കാലിഫോർണിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ സ്റ്റഡീസിൽ നിന്ന് ആറ്റുകാൽ പൊങ്കാലയെക്കുറിച്ചുള്ള ഡോക്ടറൽ പ്രബന്ധം പൂർത്തിയാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിവിധ സ്ഥാപനങ്ങളിലും സർവകലാശാലകളിലും അവർ ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് പ്രഭാഷണം നടത്തിയിട്ടുണ്ട്.

