ഡബ്ലിൻ: അയർലൻഡിൽ ഹോസ്പൈപ്പ് ഉപയോഗത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരും. മീത്ത്, വെസ്റ്റ്മീത്ത്, ഡൊണഗൽ എന്നീ കൗണ്ടികളിൽ ഏർപ്പെടുത്തിയ നിരോധനമാണ് നീട്ടിയത്. പുതിയ ഉത്തരവ് പ്രകാരം നിയന്ത്രണങ്ങൾ ഒക്ടോബർ 13 വരെ തുടരും. ജൂലൈയിൽ ഏർപ്പെടുത്തിയ നിയന്ത്രണം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് നിരോധനം നീട്ടിക്കൊണ്ട് ഉയിസ് ഐറാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
വിതരണത്തിനായി വെള്ളം ശേഖരിക്കുന്ന ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഇപ്പോഴും താഴ്ന്ന നിലയിൽ തന്നെ തുടരുകയാണ്. ഇതേ തുടർന്നാണ് നിയന്ത്രണം തുടരാൻ തീരുമാനിച്ചത് എന്നാണ് ഉയിസ് ഐറാൻ വ്യക്തമാക്കുന്നത്. മീത്തിലെ കെൽസ്- ഓൾഡ് കാസിൽ, വെസ്റ്റ്മീത്തിലെ മുള്ളിംഗർ, ഡൊണഗലിലെ മിൽഫോർഡ് എന്നിവിടങ്ങളാണ് ബാധിത മേഖലകൾ.
അതേസമയം ടിപ്പററി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കോർക്ക് എന്നീ കൗണ്ടികളിലും നിയന്ത്രണം നിലനിൽക്കുന്നുണ്ട്. ഈ നിയന്ത്രണം ചൊവ്വാഴ്ചയോടെ അവസാനിക്കും. ഇവിടുങ്ങളിലെ നിയന്ത്രണം നീട്ടില്ലെന്നാണ് ഉയിസ് ഐറാൻ അറിയിക്കുന്നത്.

