ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ റെസിപ്രേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ പുതിയ കുത്തിവയ്പ്പ്. പുതിയ വാക്സിൻ ഈ വർഷം അവസാനത്തോടെ കുഞ്ഞുങ്ങൾക്ക് നൽകി തുടങ്ങും. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് ആർഎസ്വിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയാണ് കുത്തിവയ്പ്പ് നൽകുന്നത്.
നിർസെവിമാബ് എന്നാണ് പുതിയ വാക്സിന് പേര് നൽകിയിരിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സാദ്ധ്യതയുള്ള കുഞ്ഞുങ്ങൾക്കുവരെ ഈ വാക്സിൻ നൽകാം. വൈറസിൽ നിന്നും 80 ശതമാനം സംരക്ഷണമാണ് പുതിയ വാക്സിൻ ഉറപ്പ് നൽകുന്നത്. ആർഎസ്വി ഏറ്റവും കൂടുതലായി ബാധിക്കുന്ന സെപ്തംബർ മുതൽ ഫെബ്രുവരിവരെയുള്ള കാലയളവിൽ ഈ വാക്സിൻ കുട്ടികൾക്ക് സംരക്ഷണമേകും.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന വൈറസാണ് ആർഎസ്വി. ഇത് കുട്ടികളിൽ പനി, ജലദോഷം തുടങ്ങിയവയ്ക്ക് കാരണമാകും.

