ഡബ്ലിൻ: ഇത്തവണത്തെ ബജറ്റിലെ നടപടികൾ കുടുംബങ്ങളുടെ ശേഷിക്കുന്ന വരുമാനത്തിൽ ( ഡിസ്പോസിബിൽ ഇൻകം) കുറവുണ്ടാക്കുമെന്ന് പഠനം. ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് (ഐഎസ്ആർഐ) ആണ് ഈ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ശേഷിക്കുന്ന വരുമാനത്തിൽ ശരാശരി 2 ശതമാനത്തിന്റെ കുറവിനാണ് സാധ്യതയുള്ളത്.
എനർജി ക്രെഡിറ്റ് പോലെയുള്ള നടപടികൾ പിൻവലിച്ചതാണ് കുടുംബങ്ങൾക്ക് തിരിച്ചടിയാകുക. കുടുംബങ്ങൾക്ക് പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് വരുമാന നഷ്ടം ഉണ്ടാകാൻ കാരണമാകും. കുറഞ്ഞ വരുമാനമുളള കുടുംബങ്ങൾക്ക് ഈ നഷ്ടം വലിയ സാമ്പത്തിക ബാധ്യത നൽകിയേക്കാം. താത്കാലിക നടപടികൾ പിൻവലിച്ചാൽ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ശേഷിക്കുന്ന വരുമാനത്തിൽ 4.1 ശതമാനത്തിന്റെ നഷ്ടം സംഭവിക്കും. അതേസമയം ഉയർന്ന വരുമാനം ഉള്ളവർക്ക് ഇത് 0.3 ശതമാനം ആകും.
ചൊവ്വാഴ്ച ഐറിഷ് സർക്കാർ പ്രഖ്യാപിച്ച ബജറ്റിൽ 9.4 ബില്യൺ യൂറോയുടെ പാക്കേജാണ് ഉള്ളത്.

